തലശേരി: റീൽസിനായി ട്രെയിൻ നിർത്തിച്ചത് വിദ്യാർഥികൾ. മാഹിക്കും തലശേരിക്കുമിടയിലെ കുയ്യാലി റെയിൽവേ ഗേറ്റിൽ വച്ചാണ് വിദ്യാര്‍ഥികളുടെ റീല്‍സ് ചിത്രീകരണത്തെത്തുടർന്ന് ട്രെയിൻ നിർത്തിയിടേണ്ടി വന്നത്. എറണാകുളം-പൂനെ എക്സ്പ്രസാണ് നിർത്തിച്ചത്.
പാളത്തിനോടു ചേര്‍ന്നുനിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു.
ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിവരികയും മിനിറ്റുകളോളം യാത്ര തടസപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.
റെയില്‍വേ ഗേറ്റ് ഉദ്യോഗസ്ഥന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റീല്‍ ചിത്രീകരണമായിരുന്നു ഉദ്ദേശ്യമെന്നു മനസിലായത്. ഇരുവരെയും ജാമ്യത്തില്‍ വിട്ടു. സംഭവം സമൂഹമാധ്യമങ്ങളിലും വൈറലായി.